Thursday, September 15, 2016

മനുഷ്യ ചങ്ങല



തീർത്തും അവിചാരിതമായ വളരെയേറെ സംഭവങ്ങൾ നടന്ന ദിവസമായിരുന്നു ഇന്നു. ഇതൊക്കെ വേറേ ആരോടെങ്കിലും പറഞ്ഞാൽ എന്റെ ബുദ്ധീടെ ഓളം പോയി എന്നേ കരുതൂ. നിങ്ങളാകുമ്പോൾ...

സത്യം പറഞ്ഞാൽ ഇന്നലെ രാത്രി തുടങ്ങിയതാണു. പ്രതീക്ഷിച്ചിരിക്കാതെ വന്ന ഒരു ഫോൺ കോൾ. പാപ്പച്ചന്റെ വണ്ടി കാണാനില്ലെന്നു! വളരെ ശ്രദ്ധയോടെ കാത്തുസൂക്ഷിക്കുന്ന വണ്ടിയാണു. പഴക്കം ഒത്തിരിയുണ്ടെങ്കിലും ആഴ്ചയിലൊരിക്കൽ കുളിപ്പിച്ചു, വാക്സിട്ട്, മൂന്നു മാസത്തിലൊരിക്കൽ ഓയിൽ മാറ്റി വളരെ സൂക്ഷിച്ചു കൊണ്ടു നടക്കുന്ന വണ്ടി. സാധാരണ ഗതിയിൽ ഇവിടെ ഇങ്ങനത്തെ സംഭവങ്ങളൊന്നും ഉണ്ടാകാറില്ല. അതിലും വിചിത്രമായ കാര്യം, ഇങ്ങനെ ഒരു സന്ദർഭത്തിൽ പാപ്പച്ചൻ എന്നെ വിളിക്കുന്നതാണു! കാരണം ഞങ്ങൾ തമ്മിൽ അങ്ങനെ അത്ര വലിയ ഒരു ബന്ധമൊന്നുമില്ലല്ലൊ.

നീ ഇവിടം വരെ ഒന്നു വരാമോ .. എനിക്കൊരു റൈഡ് വേണംപാപ്പച്ചൻ ചോദിച്ചു. പരിഭ്രമത്തിന്റെ വക്കോളമെത്തിയ അവന്റെ വാക്കുകൾ ഏതോ ഗുഹാമുഖത്തു നിന്നും വരുന്ന പോലെ തോന്നി.

നീ എവിടാ? എവിടെ വച്ചാ വണ്ടി കാണാതായത്?” ഞാൻ ചുവരിലെ ക്ളോക്കിലേക്കു നോക്കിക്കൊണ്ടു ചോദിച്ചു. അത്ഭുതമെന്നു പറയട്ടെ, ചുവരിൽ ക്ളോക്ക് നിന്നു പോയിരുന്നു. രണ്ടു പല്ലികൾ ചുറ്റിലും ഓടിക്കുന്ന പോലെ ഒരു പ്രത്യെക തരത്തിലായിരുന്നു ക്ളോക്കിന്റെ സൂചികൾ. ഒരോ നാഴികയിലും മണി മുഴങ്ങുന്നതിനു പകരം രണ്ടു പല്ലികളും നീട്ടി ചിലച്ചു. ഇനി ഒരു രഹസ്യം പറയട്ടെ! പല്ലികൾ അങ്ങനെ ചിലക്കുന്ന സമയത്തു എന്തെങ്കിലും കാര്യങ്ങൾ സംസാരിക്കുകയാണെന്നിരിക്കട്ടെ, അവയെല്ലാം സത്യമായിതീരും. വിശ്വാസമായില്ല അല്ലെ? കഴിഞ്ഞ ആഴ്ചയാണു, വൽസ മാത്യൂസ് നാട്ടീന്ന് കോണ്ടു വന്ന ചുരിദാർ ഇട്ടു പൊങ്ങച്ചം കാണിക്കാൻ പള്ളിയിൽ വന്ന കാര്യം ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നതും പല്ലി ചിലച്ചതും! പിന്നെ കേൾക്കുന്നത് വൽസയുടെ ചുരിദാർ എലി വെട്ടീന്നാണു. ഒന്നാലോചിച്ചേ. ഇവിടെ എവിടുന്നാണു ചുരിദാർ വെട്ടാൻ എലി വരിക? എല്ലാം പല്ലികളുടെ പണിയാണു. ഇങ്ങനെ എത്ര എത്ര സംഭവങ്ങൾ!

നീ എവിടാ?” അങ്ങെ തലക്കൽ ഒച്ചയൊന്നും കേൾക്കാതായപ്പോൾ ഞാൻ വീണ്ടും ചോദിച്ചു.

ഞാൻ.. ഞാൻപാപ്പച്ചൻ സ്വരം താഴ്ത്തി പറഞ്ഞു. “ഞാൻ ഹെവെൻസ് ഗേറ്റ് സെമിത്തേരിയുടെ അടുത്താണു”.

സെമിത്തേരിയിലോ.. നേരത്തോ?” പല്ലികൾക്ക് ഹർത്താലോ ബന്ധോ ആയ കാരണം, നേരം എത്രയായിയെന്നറിയാതെ ഞാൻ ചോദിച്ചു.

ഞാൻ .. സാംസണു ഒന്നു കൂട്ടു വന്നതാ. ഇപ്പൊ അവനേയും കാണുന്നില്ല, കാറും ഇല്ല”.

സെമിത്തേരി എന്നു കേട്ടു ഞാൻ ഒന്നു വല്ലാതായി. ഏറ്റവും ഒടുവിൽ ഒരു സെമിത്തേരി സന്ദർശിച്ചതെന്നെന്നുപോലും മറന്നു.

കുട്ടിക്കാലത്തു രാവിലെ പള്ളിയിൽ പോയാൽ സെമിത്തേരിയിൽ പോയി പ്രാർഥിക്കുക ഒഴിചു കൂടാൻ പറ്റാതത ഒന്നായിരുന്നു. ജീവിച്ചിരിക്കുമ്പോൾ ചെയ്ത എല്ല കൊള്ളരുതായ്മകളും നീക്കി മരിച്ചു പോയവരെ സ്വർഗത്തിൽ കയറ്റാൻ നമ്മളെ കൊണ്ടു ആകുന്നതെല്ലാം ചെയ്യണം എന്നാണു വേദോപദേശം പഠിപ്പിച്ച മേഴ്സി റ്റീച്ചർ പറഞ്ഞത്. മേഴ്സി റ്റീച്ചർ പില്ക്കാലത്ത് തെങ്ങു ചെത്താൻ വന്ന വിജയന്റെ കൂടെ ഓടി പ്പോയി, പേരു മാറ്റി മാലതിയായി കുന്നുംഭാഗത്ത് താമസിക്കുന്ന കാര്യം അറിയാമല്ലൊ? ഏതായാലും എന്റെ കണക്കു പ്രകാരം ഒരാറേഴു വർഷം കൊണ്ടു ഞാൻ ഏകദേശം ഒരു 1480 ഒപ്പീസു പ്രാർഥന മരിച്ചവർക്കുവേണ്ടി കൂടിക്കാണും! ഇതു വച്ചു ഒന്നു രണ്ടു പേരെങ്കിലും രക്ഷപ്പെടാതിരിക്കുമ​‍?

അക്കാലത്ത്, മാസത്തിലൊരിക്കൽ, ഏറ്റവും കൂടുതൽ ഒപ്പീസ്സു കൂടുന്ന കുട്ടികൾക്കു അച്ചന്റെ വക സമ്മാനവും ഉണ്ടായിരുന്നു. മിക്കപ്പോഴും ഒരൊ ചോക്കലേറ്റ്, അല്ലെങ്കിൽ ഒരു കളർ പെൻസിൽ! സമ്മാനങ്ങൾ 32 പ്രാവശ്യം കിട്ടിയ ആളാണു ഞാൻ എന്നു കൂടി പറഞ്ഞോട്ടെ. പക്ഷെ ചോക്കലേറ്റിനു വീട്ടിൽ വിലക്കായിരുന്നതിനാൽ അയൽവക്കത്തെ ആന്റുവിനാണു അതൊക്കെ കഴിക്കാൻ ഭാഗ്യമുണ്ടായിരുന്നത്. അതുകൊണ്ടായിരിക്കണം 34-ആം വയസ്സിൽ അവന്റെ പല്ലൊക്കെ പുഴു പിടിച്ചു, ഒരു തരംചൌമിട്ടായി തിന്ന പോലെ കറുത്തുപോയത്. അതു കാരണം കെട്ടിയ പെണ്ണിനു നാണക്കേടാവുകയും, “ഒരു പുഴുപ്പല്ലന്റെ കൂടെ ഞാനില്ലഎന്നു പറഞ്ഞു അവളു പോയി വയനാട്ടിൽ മദർ തെരേസായുടെ മഠത്തിൽ ചേരുകയും ചെയ്തു. നോക്കണേ, കുട്ടിക്കാലത്തു ചെയ്യുന്ന ഓരോ കാര്യങ്ങൾ നമ്മളെ പില്ക്കാലത് എങ്ങനെ ബാധിക്കുന്നു എന്നു.

ജോർജ് മേസൺ യൂനിവേർസിറ്റിയുടെ അടുത്ത്, റോഡ് സൈഡിൽ തന്നെയാണു പാപ്പച്ചൻ പറഞ്ഞ സെമിത്തെരി. ഒന്നു രണ്ടു വട്ടം വഴി പൊയപ്പോൾ കണ്ടിട്ടുണ്ടെങ്കിലും ഇതു വരെ അകത്തു കയറിയിട്ടില്ല. മുൻപിൽ തന്നെ ഭീമാകാരമായ ഒരു ഗേറ്റ് ഉള്ളതുകൊണ്ടു ഉള്ളിൽ എന്താണെന്നു കാണാനും ഒത്തിട്ടില്ല.

നീ ഇത്രടം വരെ വരാമൊ”? അവൻ വീണ്ടും ചോദിച്ചു.

നേരത്തു സെമിത്തേരി വരെ പോകുന്ന കാര്യം എനിക്കത്ര പന്തിയായി തോന്നിയില്ല. പന്തയം വച്ചു പാതിരാക്ക് സെമിത്തേരിയിൽ ആണി അടിക്കാൻ പോയ അച്ചന്റെ കഥയാണു പെട്ടെന്നു ഓർമയിൽ വന്നത്. അല്ലെങ്കിലും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ആദ്യം മനസ്സിൽ വരുന്നത് ഒരാവശ്യവുമില്ലാത്ത കാര്യങ്ങളായിരിക്കും.

അസാമാന്യ ധൈര്യശാലിയായിരുന്ന അച്ചൻ പാതിരാക്ക് ഒന്നും കൂസാതെ സെമിത്തേരി വരെ പോവുക തന്നെ ചെയ്തു. പക്ഷെ ളോഹ കൂട്ടി ആണിയടിച്ചതു കാരണം, എഴുന്നേറ്റു തിരിച്ചു പോരാനാകാതെ, തെമ്മാടികുഴിയിൽ മോചനമില്ലാതെ കിടന്ന ഏതോ ആത്മാവു പിടികൂടി എന്നു പേടിച്ചു അന്ത്യ കൂദാശ പോലും കിട്ടാതെ അവിടെ തന്നെ കിടന്നു മരിച്ചു പോയി. പന്തയത്തിൽ പരാജയപ്പെട്ട കപ്യാരു, അച്ചൻ മരിച്ചു പോയതുകൊണ്ടു കാശു കൊടുക്കേണ്ട എന്നു വാദിച്ചെങ്കിലും ആണിയടിച്ചതോടെ അച്ചൻ പന്തയം ജയിച്ചു എന്നു മറുവാദം ഉന്നയിച്ചു, നാട്ടുകാരു പന്തയതുക കപ്യാരിൽ നിന്നും പിടിച്ചു വാങ്ങി മിഖായേൽ മാലാഖായുടെ ഒരു രൂപം സ്ഥാപിച്ചു എന്നാതാണു സംഭവിച്ചതു.

എന്തിനു വെറുതെ ആത്മാക്കളെ പരീക്ഷിക്കണം? ഫോറിൻ കാരുടെ ആത്മാക്കളാണെങ്കിലും ആത്മാവു ആത്മാവു തന്നെയല്ലെ?

ഞാൻ പോകാത്തതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. സാംസണും ഞാനും തമ്മിൽ അത്ര നല്ല ചേർച്ചയല്ല. അവൻ നിങ്ങളു വിചാരിക്കുന്ന പോലെ അത്ര ശരിയല്ല. എന്റെ ബലമായ സംശയം, എന്തൊ ഡ്രഗ്സിന്റെ പരിപാടിക്കു അവിടെവിടെയോ പോയതാണു എന്നതാ.

നമുക്കു നാളെ നേരം വെളുക്കുമ്പം പോയി അന്വേഷിച്ചാലൊ?. നീ ഇപ്പൊ ഒരു റ്റാക്സി വിലിച്ചു വീട്ടിലെക്കു വാ. ഊബെറു വിളിച്ചാൽ ഇപ്പൊ വലിയ ചാർജൊന്നും ഇല്ലന്നെ ”. ഞാൻ പറഞ്ഞു.

നിനക്കു പേടിയാണോഅങ്ങെ തലക്കൽ പാപ്പച്ചൻ.

ഹേയ്..” ഞാൻ വിക്കി. “സത്യം പറഞ്ഞാൽ ഡെയ്സി ഡ്യൂറ്റി കഴിഞ്ഞു ഒന്നു കിടന്നതേയുള്ളൂ.. അതു കൊണ്ടാ”,

അവൻ മനസ്സു മാറ്റുന്നതിനു മുൻപു ഞാൻ ശരി പറഞ്ഞു ഫോൺ വച്ചു.

ഡെയ്സി വൈകിയ കാര്യം പറഞ്ഞതു ശരിയായിരുന്നു. അവളുടെ വാർഡിൽ കിടന്നിരുന്ന കറുത്ത വർഗക്കാരി മരിച്ചു. മരിച്ചവരെ പറ്റി നമ്മൾ കുറ്റമൊന്നും പറയാൻ പാടില്ല. പക്ഷെ നിങ്ങളോടായതുകൊണ്ടു പറയുകയാണു, എന്തൊരു വണ്ണമാടേ? 350 പൌണ്ടായിരുന്നു അവരുടെ തൂക്കം. അവരെ തിരിച്ചും മറിച്ചും കിടത്തി കഴിഞ്ഞ ബുധനാഴ്ച ഡെയ്സിയുടെ കൈക്കുഴ തെറ്റി. അതു പോരാത്തതിനു അവരുടെ ചീത്ത വിളി വരെ വേറേ. കുറേ ചീത്ത മനസ്സിലാവാത്തതുകൊണ്ടു പാവം ഡെയ്സി ചിരിച്ചു കാണിക്കും. പക്ഷെ ഇടക്കിടക്കു നല്ല അങ്കമാലി അവളും വച്ചു കാച്ചുമേ.

എന്തു? എനിക്കെങ്ങനെ ഇതെല്ലാം അറിയാമെന്നൊ? ഞാനും രണ്ടു ദിവസം അവിടെ കിടന്നതല്ലെ?

എഴുത്തുകുത്തെല്ലാം കഴിഞ്ഞു അവൾ വന്നപ്പൊ വൈകി. പിന്നെ മരണത്തിന്റെ മണം കഴുകി കളയാൻ നീണ്ടൊരു കുളിയും കഴിഞ്ഞപ്പൊ നേരം ഒരുപാടു പിന്നെയും വൈകി. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ കുളിക്കാൻ വേണ്ടി മാത്രം ലൈഫ് ബോയ് വാങ്ങി വച്ചിരിക്കുകയാണു. ഇത്ര നേരം തേച്ചു കുളിക്കണമെങ്കിൽ വേറേ സോപ്പ് മുതലിക്കില്ലെന്നാ അവളു പറയുന്നത്.

എന്നെ എന്തെങ്കിലും മണക്കുന്നൊ?” അവൾ ചോദിച്ചു.

ഉം നല്ല ചാള വറുത്ത മണം. ഒന്നു പോ പെണ്ണേ..എല്ലാം നിന്റെ തോന്നലാ”. അങ്ങനെ പറഞ്ഞെങ്കിലും മുറിയിൽ ഒരു തണുത്ത മണം നിറഞ്ഞു നിന്നിരുന്നു.

ഇന്നു രാവിലെ വീണ്ടും വന്നു ഫോൺ കോൾ. പല്ലികൾ ഇപ്പോഴും സമരത്തിലായിരുന്നതുകൊണ്ടു ഫോൺ വന്ന സമയം അറിയില്ല. ഇപ്രാവശ്യം പാപ്പച്ചന്റെ ഭാര്യായിരുന്നു; അവനെ കാണാനില്ലെന്നു. രണ്ടു മൂന്നു ദിവസമായി. പാപ്പച്ചന്റെ ഫോൺ വിളി പോലെ തന്നെ ഇങ്ങനെ ഒരവസരത്തിൽ ഇവർ എന്നെ വിളിച്ചതാണു എനിക്കു വിചിത്രമായി തോന്നിയതു.

അവൻ സാംസന്റെ കൂടെ പോയി എന്നാണല്ലൊ പറഞ്ഞത്ഞാൻ പറഞ്ഞു.

സാംസണോ?”

പാപ്പച്ചന്റെ ഭാര്യ അങ്ങനെ ഒരാളെ പറ്റി കേട്ടിട്ടേ ഉണ്ടായിരുന്നില്ല.

ഏതു സാംസണാ?”

ഞാൻ അധികമൊന്നും വിശദീകരിക്കാൻ പോയില്ല. ഒന്നാമതേ അവനാളു തരികിടയാണൂ. നമ്മളായിട്ടു എന്തിനാ ഇതൊക്കെ പറയുന്നത്? എവിടെ പോയെന്നു പാപ്പച്ചന്റെ ഭാര്യ കുത്തി കുത്തി ചോദിച്ചെങ്കിലും ഞാൻ അറിയില്ലെന്നു പറഞ്ഞൊഴിയുകയായിരുന്നു. ഫോണിലൂടെ അവരുടെ കരച്ചിൽ കേട്ടു. ഒരു തരം തമിഴൻ ലോറിയുടെ ഹോൺ പോലെ.

അങ്ങനെയാണു എതായാലും സെമിത്തേരി വരെ ഒന്നു പോകാൻ തീരുമാനിച്ചു. കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്റ്റീവ് കഥകളിലെ പോലെ ഏതെങ്കിലും ക്ലൂ കിട്ടിയാലോ?

പ്രഭാത പരിപാടികളെല്ലാം പെട്ടെന്നു കഴിച്ചു. താഴെക്കു ചെന്നപ്പൊ എനിക്കൂ പോകാനുള്ള ഡ്രെസ്സെല്ലാം ഭംഗിയായി തേച്ചു മേശമേൽ മടക്കി വച്ചിരിക്കുന്നു. ഡെയ്സി ഇതെപ്പൊ ചെയ്തു?

ഇന്നെന്തു പറ്റി? അതിരാവിലെ? ഞൻ അകത്തേക്കു നോക്കി ചോദിച്ചു. അകത്തു നിന്നും ഒച്ചയൊന്നും കേട്ടില്ല. മുറിയിലെ അരണ്ട വെളിച്ചത്തിൽ അവൾ സുഖമായി ഉറങ്ങുന്നുണ്ടു. ഇപ്പൊഴൊന്നും എഴുന്നേറ്റ ലക്ഷണവുമില്ല. ഒരു പക്ഷെ പറ്റിക്കാൻ ഉറക്കം നടിച്ചു കിടപ്പായിരിക്കും.

എന്തെങ്കി​‍ൂം കഴിച്ചിട്ടു പോകാം എന്നു കരുതി ഫ്രിഡ്ജിന്റെ അരികിലേക്കു നടന്നു. സാധാരണ ബ്രേക്ഫാസ്റ്റ് ഒന്നും ഇല്ലാത്തതാണു. ഓറഞ്ച് ജൂസ് മാത്രമാണു രാവിലത്തെ ഭക്ഷണം. അതു കാരണം അസിഡിറ്റിയുടെ ചെറിയ പ്രശ്നം തുടങ്ങിയിട്ടുണ്ടു.

പണ്ടു കോളേജിൽ പൊകുന്ന കാലം തൊട്ടു തുടങ്ങിയ ശീലമാണു, ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നത്. രാവിലെ ബസ് വരുന്ന നേരം ആകുംബൊഴേക്കും ബ്രേക്ഫാസ്റ്റ് കഴിക്കാനൊന്നും നേരം കിട്ടാറില്ല. വെറും വയറ്റിൽ ഉച്ച വരെ ഒരേ ഇരിപ്പാണു. ഉച്ചക്കു വാഴയിലയുടെ ഗന്ധമുള്ള പൊതിചോറു തുറന്നു, മുട്ട പൊരിച്ചതുംകൂട്ടി എന്തെങ്കിലും കഴിക്കുന്ന വരേക്കും തലേന്നത്തെ അത്താഴം മാത്രമാണു ഉള്ളിൽ. അതൊരു കാലം! ഒന്നും കഴിച്ചില്ലെങ്കിലും വൈകിട്ട് വിമൻസ് കോളേജ് വിടുന്ന വരെ നില്ക്കാൻ എന്തൊരു എനെർജി ആയിരുന്നു.


ഫ്രിഡ്ജിൽ ഓറഞ്ജ് ജ്യൂസിന്റെ ബോട്ടിൽ കാണുന്നില്ല. സാധാരണ വയ്ക്കുന്നിടം ശൂന്യമായികിടന്നു. എന്റെ കുറച്ചു മരുന്നുകൾ വയ്ക്കുന്ന ഇടവും. എന്തോ ക്ലീനിങ്ങൊക്കെ ഇവിടെ നടന്നിരിക്കുന്നു.

ഞാനിറങ്ങുന്നു.. “ ഞാൻ അകത്തെക്കു നോക്കി പറഞ്ഞു.
ബ്രേക്ഫാസ്റ്റ് കഴിച്ചിട്ടു പോ.. റ്റേബിളിൽ എടുത്തു വച്ചിരിക്കുന്നുഅവൾ ഉറക്കത്തിൽ വിളിച്ചു പറഞ്ഞു.

ഡൈനിങ്ങ് റ്റേബിളിൽ ഒരു പാത്രത്തിൽ കമഴ്ത്തി അടച്ചു വച്ചിരിക്കുന്നു,ചക്കട. നല്ല വഴയിലയിൽ പുഴുങ്ങിയെടുത്തത്. ഇതെവിടെന്നു കിട്ടി? അരെങ്കിലും കൊണ്ടു കൊടുത്തതായിരിക്കുമോ?

ഇതാരാ കൊണ്ടു വന്നേ? ഞാൻ ചോദിച്ചു.
അകത്തു നിന്നും മറുപടിയൊന്നുമില്ല. മന്ദ ഗതിയിലുള്ള അവളുടെ ശ്വാസ ഉച്ച്വാസം മാത്രം കെൾക്കാം.

പഴച്ചക്കയുടെ മണം മൂക്കിലേക്കടിച്ചു. വീടിന്റെ പറ്റിഞ്ഞാറേ അതിരിനോടു ചേർന്നു ഒരു പഴപ്ലാവായിരുന്നു. ചക്കയുടെ കാലമായാൽ പിന്നെ മണത്തിട്ട് പരിസരത്തേക്കൊന്നും അടുക്കാൻ വയ്യ. അന്നൊക്കെ മിക്കവാറും എന്നും കാലത്തും വൈകിട്ടും സ്നാക്ക് ചക്കട തന്നെ ചക്കട. ഇപ്പൊ ഏറെ കാലമായി ഒരെണ്ണം കഴിച്ചിട്ട്.

പഴപ്ലാവിനെ ഓർത്തപ്പൊൾ അതിന്റെ അരികിൽ നിന്ന ഇരുമ്പൻ പുളി മരം ഓർമ വന്നു. നമ്മുടെ ഓർമകളെല്ലം ഇങ്ങനെ കണക്റ്റെഡ് ആയാണു കിടക്കുന്നത് എന്നാരൊ പറഞ്ഞില്ലെ? ഇരുമ്പൻ പുളി പറിക്കാൻ എത്തുന്ന പെൺകുട്ടി. തന്നെ വരാൻ സങ്കോചമുള്ളതു കൊണ്ടു കൂട്ടുകാരികളുടെ കൂടെ മാത്രം അവൾ വന്നു. എന്തെങ്കിലും മിണ്ടണം എന്നു കരുതുമെങ്കിലും ധൈര്യം ചോർന്നു പൊകുന്ന കൌമാരത്തിന്റെ നാളുകൾ. ആരും ആരും ഒന്നും മിണ്ടാതെ , കണ്ണിൽ കൌതുകങ്ങളും കൈകളിൽ കരിവളകളുമായി അവൾ ഓർമകളിലേക്കു മറഞ്ഞു. അവിടെ സുഖമുള്ള ഒരു നെടുവീർപ്പു മാത്രം അവശേഷിച്ചു. ഡെയ്സി ചോദിച്ചു, എന്തിനാ ഇങ്ങനെ ഇടക്കിരുന്നു നെടുവീർപ്പിടുന്നത്? അതു ഗാസിന്റെയാ എന്നു പറഞ്ഞൊഴിഞ്ഞു.

പിന്നീടൊരിക്കൽ രണ്ടു കുട്ടികളുമായി കിനാവിലൂടെ കടന്നു വന്നു, ഇരുമ്പൻ പുളി കുട്ടി ചോദിച്ചു,

എന്തേ അന്നൊന്നും പറഞ്ഞില്ല? ” അവൾ ചൂടിയ തുളസി കതിരു വാടിയിരുന്നു. അവളുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞുഇങ്ങനെ ഒക്കെ തന്നെ ആണു ആകേണ്ടിയിരുന്നതു. വഴക്കിടാതെ മതിവരുവോളം ഓർത്തു സ്നേഹിക്കാലോ

എനിക്കെന്തു വേണമെന്നെങ്കിലും ചൊദിക്കാരുന്നു”, അവൾ പറഞ്ഞു.

ഇരിമ്പൻ പുളി വേണോന്ന് ഞാൻ പല പ്രാവശ്യം ചോദിച്ചല്ലൊഅങ്ങനെ പറയാനാണു പെട്ടെന്നു തോന്നിച്ചതു.

ചേട്ടനു ഇങ്ങനത്തെ കാര്യങ്ങളിൽ ഇപ്പോഴും വലിയ ഐഡിയ ഇല്ല അല്ലെ എന്ന മട്ടിൽ അവൾ മുഖം ഉയർത്തുമ്പോഴേക്കും സ്വപ്നം മുറിഞ്ഞു.

ഞാൻ ഇറങ്ങണൂട്ടൊ..” വീണ്ടും അകത്തേക്കു നോക്കി പതുക്കെ പറഞ്ഞു. ഉറക്കത്തിൽ എണീപ്പിക്കെണ്ടെന്നു കരുതി വാതിൽ മെല്ലെ ചാരി പുറത്തിറങ്ങി.

സെമിത്തെരി കോംബൌണ്ടിലെക്കു തിരിയുമ്പോൾ ആദ്യം കണ്ടത് ഭീമാകാരമായ ഗേറ്റ് ആണു.രണ്ടു വശത്തേക്കും തുറക്കാവുന്ന തരത്തിൽ ഇരുമ്പിന്റെ പാളികൾ. പാപ്പച്ചനെ അവിടെയൊന്നും കണ്ടില്ല. പാപ്പചനെയെന്നല്ല ഒരു കുഞ്ഞിനെ പൊലും കാണുന്നില്ല. അല്പം ദൂരെ മാറി ഒരു ഫെയർഫാക്സ് പോലീസ് കാർ മാത്രം പാർക് ചെയ്തിട്ടിരിക്കുന്നു. ഉള്ളിൽ നിന്നും ഒരു പോലിസുകാരൻ കൈ പുറത്തേക്കിട്ട് എന്നെ തന്നെ നോക്കി. ഞാൻ കൈ കാണിച്ചു, അകത്തേക്കെന്ന മട്ടിൽ. അയാൾ കൈ വീശി പൊയ്ക്കോളാൻ ആംഗ്യം കാട്ടി.

ഭീമാകാരമായ ഗേറ്റ് എങ്ങനെ തുറക്കും എന്നു ഞാൻ ആലൊചിച്ചതും അവ രണ്ടും രണ്ടു വശങ്ങളിലേക്കു തുറന്നുമാറി
ഉള്ളിലേക്കു കടന്ന പാടേ, പുറം കാഴ്ചകളുമായി ഒരു ബന്ധവുമില്ലാത്ത മട്ടിൽ, മറ്റൊരു ലോകമായിരുന്നു. നൊക്കെത്താ ദൂരത്തിൽ പച്ച പുതച്ചു കിടക്കുന്ന പുല്മേടുകൾ. ഇടക്കിടെ ആകമാനം നിഴൽ വീഴ്ത്തി ഉയർന്നു നില്ക്കുന്ന വന്മരങ്ങൾ. പുല്മേടുകല്ക്കിടയിൽ അവിടവിടെ ചെറുതായി കൂട്ടിയിട്ടിരിക്കുന്ന മൺകൂനകൾ. കൂനകളിൽ മഞ്ഞയും ചുവ്പ്പും പൂക്കൾ നിരത്തിയിട്ടിരിക്കുനു, ചിലതുകളിൽ നാട്ടിയ കുരിശുകളും മറ്റു ചിലതിൽ ചെറിയ സ്മാരകശിലകളും.
https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif


നാട്ടിലെ കൊച്ചു സെമിത്തേരികളുമായി ഒരു സാമ്യവുമില്ലാത്ത വിശാലമായ ഇടം. നാട്ടിൽ ഒന്നു മരുങ്ങു തിരിയാൻ ഇടം കാണില്ല; കയ്യും കാലും നിവർത്തിയാൽ അടുത്ത ആളെ തട്ടിയതു തന്നെ.

അല്പദൂരം ഓടിച്ചപ്പോഴേക്കും വഴി മൂന്നായി തിരിഞ്ഞു.എങ്ങോട്ടു തിരിയണം എന്നറിയാതെ ഒരു നിമിഷം ശങ്കിച്ചു. എതായാലും വലത്തോട്ടു തിരിഞ്ഞു. തിരിഞ്ഞ ഉടൻ ബോർഡ്നൊ എക്സിറ്റ്”.

ഒരു വശത്ത് മഞ്ഞ പൂക്കൾ വിത​‍ീയ ഒരു പുതിയ കുഴിമാടം. അരികിൽ ഒരു മധ്യവയസ്കൻ നില്പ്പുണ്ടു; കുഴിതലക്കൽ നാട്ടിയ ശിലയിൽ എന്തൊ എഴുതുകയാണു.

ഞൻ കാറു നിർത്തി. പാസ്സഞ്ജെർ സൈഡിലെ ഗ്ലാസ്സു താഴ്ത്തി ചൊദിച്ചു. ഇവിടെ വേറെ ആരേയെങ്കിലും കണ്ടൊ? മധ്യവയസ്കൻ തിരിഞ്ഞു നോക്കി. അയ്യൾ അല്പം ദൂരേക്കു ചൂണ്ടിക്കാട്ടി. അവിടെ ദൂരെ മാറി ഒരനക്കം. ഒരാളാണൊ എന്നു തോന്നിക്കുന്ന പോലെ. നട്ടുച്ച വെയിലത്തു മരീചിക പോലെ അതു തിളങ്ങി. കയ്യു നെറ്റിയിൽ വച്ചു നോക്കിയെങ്കിലും എന്താണെന്നു ക്രുത്യമായി മനസ്സിലാക്കാനൊക്കുന്നില്ല.

അല്പദൂരം അതിനരികിലേക്കു നടക്കാൻ തീരുമാനിച്ചു. ഒരു പക്ഷെ അതു പാപ്പച്ചനാണെങ്കിലൊ? പിന്നെ മനസ്സിലായി അങ്ങോട്ടു വിചാരിച്ചതിൽ കൂടുതൽ ദൂരം ഉണ്ടു. നടക്കുംതോറും അതു നീങ്ങികൊണ്ടേയിരുന്നു. ഞാൻ തിരിച്ചു നടക്കാൻ തുടങ്ങി.

വിചിത്രം!

ഞാൻ തിരിഞ്ഞിടത്തു കിടന്നിരുന്ന മഞ്ഞ പൂക്കളും പുതിയ കുഴിമാടവുമെല്ലാം അവിടെങ്ങും കാണാനേയില്ല. പകരം ഉണങ്ങി കരിഞ്ഞ കുറെ പുല്മേടുകൾ. പൊട്ടിപൊളിഞ്ഞ ഒരു ശില പുല്ലുകൾ മൂടി ഉയർന്നു നില്ക്കുന്നു. മധ്യവയസ്കനും അയാളുടെ സാമഗ്രികളും എല്ലാം ഞൊടിയിടയിൽ അപ്രത്യക്ഷമായിരിക്കുന്നു.

എന്റെ കാറും!

ഞാൻ കാറു പാർക് ചെയ്തിടത്തു ഒരു കൂറ്റൻ മരം അതിനെ വിഴുങ്ങിയ മട്ടിൽ ഉയർന്നു കാണുന്നുണ്ടു. മരത്തിന്റെ വേരുക്കൾ പടർന്നു പന്തലിച്ചു മണ്ണിലിഴയുന്നു. അസംഖ്യങ്ങളായ അതിന്റെ ഇലകളാകട്ടെ ഒരനക്കവും ഉണ്ടാക്കാതെ ആലസ്യത്തിലാണ്ടു കാലങ്ങളായി അവിടെയുണ്ടായിരുന്ന മട്ടിൽ നില്ക്കുന്നു.

നിമിഷങ്ങൾക്കുള്ളിൽ കാര്യങ്ങൾ ഇങ്ങനെ മാറുമെന്നു നിങ്ങൾ വിശ്വസിക്കുന്നില്ല അല്ലെ?

കണ്ടൊ ഇതാ ഞാൻ തുടക്കത്തിലേ പറഞ്ഞത്, ഇതാരും വിശ്വസിക്കില്ലെന്നു.

ഞൻ ഇപ്പോൾ എന്തു ചെയ്യണം എന്നറിയാതെ ഇവിടെ തന്നെ നില്ക്കുകയാണു. കാറില്ലാതെ എന്തു ചെയ്യാൻ? പാപ്പച്ചന്റെ കാറു കാണാതെ പോയത് എങ്ങനെയെന്നു ഇപ്പോൾ മനസ്സിലായി. ഏതെങ്കിലും മരം അതിനെ വിഴുങ്ങിക്കാണും.

ഇവിടെ നിന്നും എങ്ങനെയെങ്കിലും ഒന്നു പുറത്തു കടന്നിട്ടു വേണം അവനുമായി വിചിത്ര സംഭവങ്ങളെ പറ്റി സംസാരിക്കാൻ.

പക്ഷെ എങ്ങനെ പുറത്തു കടക്കും? ഇവിടെങ്ങും ഒരു കുഞ്ഞിനെപ്പോലും കാണുന്നില്ല. ഡെയ്സിയെ വിളിക്കാം എന്നു വച്ചാൽ ഞാൻ മുൻപേ പറഞ്ഞില്ലെ, പാവം ഒരു മരണം കണ്ടു അതിന്റെ മണവും കഴുകിക്കളഞ്ഞു തളർന്നു കിടപ്പാണു വീട്ടിൽ.


അതുകൊണ്ടാണു ഞാൻ ചോദിക്കുന്നതേ, “ഒന്നിവിടം വരെ വന്നു എനിക്കൊരു റൈഡ് തരുമോ? പ്ലീസ്? നമ്മൾ തമ്മിൽ അത്ര പരിചയമില്ല എന്നൊന്നും കൂട്ടണ്ട, ഇങ്ങനെയൊക്കെയല്ലെ നമ്മളൊക്കെ പരിചയപ്പെടുന്നത്